#World Talk

വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്, ശക്തമായ നടപടിക്ക് നിർദേശം നല്‍കി

കുവൈത്ത് സിറ്റി:കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് കുവൈത്തിലേക്ക് തിരിച്ചത്. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് 45 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു. ദുഖകരമായ സംഭവമാണെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്‍റെ ഒപ്പം നില്‍ക്കുകയാണെന്നും പരിക്കേറ്റവരുടെ ആരോഗ്യനില വീണ്ടെടുക്കാൻ പ്രാര്‍ത്ഥിക്കുകയാണെന്നും മോദി കുറിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി എല്ലാകാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്നും മോദി കുറിച്ചു.

ഇതിനിടെ, പരിക്കേറ്റവരെ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സന്ദർശിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 11 പേരെയാണ് ഇന്ത്യൻ അംബാസിഡര്‍ സന്ദര്‍ശിച്ചത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്നും അംബാസിഡര്‍ അറിയിച്ചു. തീപിടിത്തതില്‍ ശക്തമായ നടപടിക്ക് കുവൈത്ത് അമീര്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം ദുരന്തം ആവര്‍ത്തിക്കരുതെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അമീര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ക്ക് അഹമ്മദ് അബ്ദുള്ളയും ദുരന്തത്തില്‍ അനുശോചിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *